നെടുങ്കണ്ടം: നെടുങ്കണ്ടത്തുനിന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു വാഹനങ്ങൾ മോഷ്ടിച്ചയാൾ പോലീസിന്റെ പിടിയിലായി. മുണ്ടക്കയം കൊക്കയാർ അമലാഭവൻ ഉണ്ണിക്കുട്ടനാണ് (25) പെരുവന്താനം പോലീസിന്റെ പിടിയിലായത്.നെടുങ്കണ്ടത്തുനിന്നും ഓട്ടോറിക്ഷയും പാമ്പാടുംപാറയിൽനിന്ന് ജീപ്പുമാണ് ഇയാൾ മോഷ്ടിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് മോഷണ സംഭവം ആരംഭിക്കുന്നത്.
നെടുങ്കണ്ടം ഓട്ടോ സ്റ്റാൻഡിലെ മാളിയേക്കൽ ജോബിൻ ജെയിംസിന്റെ ഓട്ടോറിക്ഷയാണ് പ്രതി ആദ്യം കടത്തിയത്. വാഹനത്തിന്റെ വയറുകൾ വിച്ഛേദിച്ച് നേരിട്ട് കണക്ഷൻ കൊടുത്താണ് ഓട്ടോറിക്ഷ സ്റ്റാർട്ടാക്കിയത്. തുടർന്ന് ഓട്ടോറിക്ഷയുമായി കുമളി-മൂന്നാർ സംസ്ഥാനപാതയിൽ സഞ്ചരിച്ച ഉണ്ണിക്കുട്ടൻ പാമ്പാടുംപാറയിൽ എത്തിയപ്പോൾ ടൗണിൽ നിർത്തിയിട്ടിരുന്ന ജീപ്പ് കണ്ടു.
പാമ്പാടുംപാറ വിളയിൽ വി.എസ്. രാജന്റെ ഉടമസ്ഥതയിലുള്ള ഈ ജീപ്പും സമാനമായ രീതിയിൽ സ്റ്റാർട്ട് ചെയ്ത് കട്ടപ്പനയ്ക്കു പോവുകയായിരുന്നു. ഓട്ടോറിക്ഷ ഇവിടെ ഉപേക്ഷിക്കുകയും ചെയ്തു. കട്ടപ്പനയിലെ പെട്രോൾ പമ്പിൽ എത്തിയ ഉണ്ണിക്കുട്ടൻ ഫുൾ ടാങ്ക് പെട്രോൾ അടിക്കുവാൻ ആവശ്യപ്പെട്ടു. പെട്രോൾ അടിച്ചശേഷം വാഹനം നിർത്താതെ ഓടിച്ചുപോകുകയും ചെയ്തു.
പമ്പ് ജീവനക്കാർ ഉടൻതന്നെ കട്ടപ്പന പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വിവിധ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. ഇതേത്തുടർന്ന് പെരുവനന്താനം ഹൈവേ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജീപ്പുമായി ഉണ്ണിക്കുട്ടനെ പിടികൂടിയത്.
ഇതേസമയം ആദ്യം മോഷ്ടിച്ച ഓട്ടോറിക്ഷ നിർത്താതെയാണ് ഉണ്ണിക്കുട്ടൻ കടന്നത്. ഇതാണ് പ്രതിയിലേക്ക് വേഗത്തിൽ എത്തുവാൻ പോലീസിന് സഹായകമായത്. ഉണ്ണിക്കുട്ടൻ ലഹരിമരുന്ന് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ വാഹനം പൊളിച്ചുവിറ്റതിലടക്കം കേസുണ്ട്. നെടുങ്കണ്ടത്ത് കഴിഞ്ഞ കുറച്ചുനാളുകളായി എസ്റ്റേറ്റുകളിൽ വെൽഡിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.